തിരുവനന്തപുരം: 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നാളെ തിരുവനന്തപുരത്ത് എത്തും. ശ്രീലങ്കയ്ക്ക് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ അവസാന മൂന്നു മത്സരങ്ങള്‍ക്കായാണ് ഇന്ത്യന്‍ ടീം തലസ്ഥാനത്ത് എത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്കു വിശാഖപട്ടണമാണ് വേദിയായത്.
തിരുവനന്തപുരം കാര്യവട്ടത്ത് 26, 28, 30 തീയതികളിലായി അവസാന മൂന്നു മത്സരങ്ങള്‍ അരങ്ങേറും. കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാകും മത്സരങ്ങള്‍ നടക്കുക.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിര്‍ണായകമായ മൂന്നു മത്സരങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഇന്നു വൈകുന്നേരം 5.40ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ടീം ഹയാത്ത് റീജന്‍സിയിലാണ് തങ്ങുക. ക്രിസ്മസ് ദിനത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ച് വരെ ശ്രീലങ്കന്‍ ടീമും വൈകുന്നേരം ആറ് മുതല്‍ രാത്രി എട്ട് വരെ ഇന്ത്യന്‍ ടീമും കാര്യവട്ടത്തു പരിശീലനം നടത്തും.
ടിക്കറ്റ് നിരക്കില്‍ കുറവ്
വനിതാ ക്രിക്കറ്റിനു കൂടുതല്‍ പ്രോത്സാഹനവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കുറഞ്ഞ നിരക്കിലും പ്രത്യേക പാക്കേജിലുമാണ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) മത്സരത്തിനുള്ള ടിക്കറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 125 രൂപയാണ് ടിക്കറ്റ് നിരക്ക്. ജനറല്‍ ടിക്കറ്റിന് 250 രൂപയും ഹോസ്പിറ്റാലിറ്റി സീറ്റുകള്‍ക്ക് 3000 രൂപയാണ്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ പേജും സന്ദര്‍ശിക്കുക.